തൃക്കരിപ്പൂർ: പ്ലസ് വൺ പ്രവേശനത്തിന് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പേ അപേക്ഷാ ഫോറം സ്വീകരിച്ച് അക്ഷയ കേന്ദ്രങ്ങൾ. 11-ന് ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കാനിരിക്കെയാണ്, സ്വന്തം നിലക്ക് അപേക്ഷ ഫോറം അച്ചടിച്ച് വിതരണം ചെയ്തത്. അപേക്ഷ ഫോറത്തിന് മാത്രം 10 രൂപയാണ് കേന്ദ്രങ്ങളിൽ ഈടാക്കുന്നത്.
പഠിച്ചിറങ്ങിയ സ്കൂളിലെ കമ്പ്യൂട്ടർ അനുബന്ധ സൗകര്യങ്ങളും അധ്യാപകരുടെ സഹായത്തോടെ അപേക്ഷ സമർപ്പിക്കാമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ഒരു കുട്ടിയോട് അപേക്ഷ സമർപ്പണത്തിനായി 140 രൂപയാണ് ഈടാക്കിയത്. കോഴ്സിന് ചേരുന്ന സമയത്ത് 25 രൂപമാത്രമാണ് അപേക്ഷ ഫീസായി നൽകേണ്ടത്. ഇതിനാണ് അഞ്ചിരട്ടിയിലേറെ ഫീസ് ഈടാക്കി കുട്ടികളെ ചൂഷണം ചെയ്യുന്നത്.