സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 55 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 50 ലക്ഷം, കോഴിക്കോട് മെഡിക്കൽ കോളേജ് 45 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്. അവയവദാനങ്ങളുടെ എണ്ണം കൂട്ടാനും മെഡിക്കൽ കോളേജുകളിൽ കൂടുതൽ അവയവദാന ശസ്ത്രക്രിയകൾ നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ, അവയവദാനത്തിലൂടെ ജീവൻ നിലനിർത്താനായി കാത്തിരിക്കുന്ന അനേകം പേർക്ക് സഹായകരമാകും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ സജീവമാക്കാനാണ് മെഡിക്കൽ കോളേജുകൾക്ക് ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ, മൾട്ടിപാരമീറ്റർ മോണിറ്ററുകൾ, പോർട്ടബിൾ എബിജി അനലൈസർ മെഷീൻ, 10 ഐസിയു കിടക്കകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കും, കോട്ടയം മെഡിക്കൽ കോളേജിൽ അനസ്തേഷ്യ വർക്ക്സ്റ്റേഷൻ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ട്രാൻസ്പ്ലാന്റ് ഉപകരണങ്ങൾ, ലാപ്രോസ്കോപ്പി സെറ്റ്, റിനൽ ട്രാൻസ്പ്ലാന്റ് ഐസിയു ഉപകരണങ്ങൾ എന്നിവയ്ക്കും, കോഴിക്കോട് മെഡിക്കൽ കോളേജിൽ സിആർആർടി മെഷീൻ, പോർട്ടബിൾ ഡയാലിസിസ് മെഷീൻ, അൾട്രാ ലോ ടെമ്പറേച്ചർ ഫ്രീസ് എന്നിവയ്ക്കുമാണ് തുക അനുവദിച്ചത്.