ജന്തുജന്യ രോഗങ്ങൾക്കെതിരെ ഏറ്റവും ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 200 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരിൽ ഉണ്ടാകുന്ന പകർച്ചവ്യാധികളിൽ 60 ശതമാനവും ജന്തുക്കളിൽ നിന്നും പകരുന്നവയാണ്. പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളിൽ നിന്നുമാണ് ഉണ്ടാകന്നത്. എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്സ് തുടങ്ങിയ പല ജന്തുജന്യ രോഗങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മനുഷ്യരുടെ ആരോഗ്യം ജന്തു ജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ആശ്രയിച്ചാണ്. ഇത് മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് രാജ്യത്ത് ആദ്യമായി ഏക ലോകം ഏകാരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തി വൺ ഹെൽത്ത് പദ്ധതി നടപ്പിലാക്കി. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിർത്തി രോഗ പ്രതിരോധമാണ് വൺ ഹെൽത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
