കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക കലാരൂപങ്ങളുടെ വ്യാപക പ്രചാരണത്തിനു സാങ്കേതികവിദ്യയുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി നടപ്പാക്കുന്ന വർക്കല രംഗകലാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തേക്കു വിനോദ സഞ്ചാരികൾ എത്തുന്നത് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം പരമ്പരാഗത കലകൾ ആസ്വദിക്കുകയും വൈവിധ്യമാർന്ന ഭക്ഷണരീതി പരിചയപ്പെടുകയും ചെയ്യുന്നതിനുകൂടിയാണ്. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ഇതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകമാണ്. ഇത്തരം കാര്യങ്ങളെല്ലാം യോജിപ്പിച്ച് ഉള്ള പ്രവർത്തനമാണ് ടൂറിസം രംഗത്തിന് ആവശ്യം. ഈ ലക്ഷ്യത്തോടെയാണ് വർക്കലയിലെ രംഗകലാ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്.
