കേരളം ഉയർത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവിയിലേക്കു കേരളത്തെ എത്തിക്കുന്നതിനു കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ വലിയ ഘടകമാണ് ആരോഗ്യ സുരക്ഷയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാംനിര, മൂന്നാംനിര രോഗങ്ങളുടെ തോത് സംസ്ഥാനത്ത് ഉയർന്നു നിൽക്കുകയാണ്. ഇതുമൂലം ചികിത്സാ ചെലവിലും സ്വാഭാവിക വർധനവുണ്ടാകും. പൊതുജനാരോഗ്യ സംവിധാനം മികവുറ്റതാക്കിയാണു സർക്കാർ ഇതിനെ നേരിടുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ആശ്വാസം ഉറപ്പുവരുത്തേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിർവഹണത്തിന്റെ ഭാഗമാണു മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി. ക്ഷേമ പ്രവർത്തനങ്ങളിൽനിന്നു സർക്കാർ പിൻവാങ്ങണമെന്നൊരു വാദഗതി ശക്തമായി ഉയരുന്നകാലമാണിത്. അതിന്റെ അലയൊലികൾ നമ്മുടെ രാജ്യത്തും നിലനിൽക്കുന്നുണ്ട്. എന്നാൽ അതല്ല കേരളം നടപ്പാക്കുന്ന നയം. വ്യത്യസ്തമായ ബദൽ കേരളം പല രംഗത്തും നടപ്പാക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ മേഖലയിലും ആ ബദൽ നയംതന്നെയാണു സ്വീകരിച്ചിരിക്കുന്നത്.