മുൻ ധനകാര്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോൻ. സംഘടനാ രംഗത്തും ഭരണ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശിവദാസ മേനോൻ മികച്ച വാഗ്മിയും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കമ്മ്യൂണിസ്റ്റുമായിരുന്നു.
അധ്യാപക സംഘടനാ രംഗത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശിവദാസമേനോന്റെ സംഘടനാപാടവം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമെന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും മുതൽക്കൂട്ടായിരുന്നു. സ്വകാര്യ സ്കൂൾ അധ്യാപകരുടെ സംഘടനയായിരുന്ന കെപിടിയുവിന്റെ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പിന്നീട് അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നത നേതാവായി മാറി. യാതനാപൂർവ്വമായ നിരവധി സമരങ്ങളിലൂടെ അധ്യാപക പ്രസ്ഥാനത്തെ സുശക്തമായ ഒന്നായി കെട്ടിപ്പടുക്കുന്നതിൽ ശിവദാസ മേനോൻ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.