സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് വകുപ്പിന്റെ പുതിയ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. www.ecostat.kerala.gov.in ൽ പുതിയ വെബ്സൈറ്റ് ലഭിക്കും.
സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിന്റെ ഹോം പേജിൽ ഡാഷ്ബോർഡ് രൂപത്തിൽ ലഭ്യമാണ്. പ്രധാനപ്പെട്ട ജില്ലാതല സ്ഥിതി വിവരങ്ങൾ ‘WebGIS’ രൂപത്തിലും ഹോം പേജിൽ ലഭിക്കും. വിവരങ്ങൾ ഉപയോക്താവിന് ഡൗൺലോഡ് ചെയ്യാം. സംസ്ഥാന, ജില്ലാതല ഡാറ്റയെ സംബന്ധിക്കുന്ന ഡാറ്റാ അനലിറ്റിക്സും ഹോം പേജിൽ ലഭ്യമാണ്. ഇവ കാണാനും ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള സംവധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വകുപ്പ് 2004-05 മുതൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള 350ൽ അധികം റിപ്പോർട്ടുകൾ പിഡിഎഫ് രൂപത്തിൽ വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവ പദ്ധതി അടിസ്ഥാനത്തിലും സെക്ടർ അടിസ്ഥാനത്തിലും വേഗത്തിൽ ഉപയോക്താവിന് തിരിച്ചറിയാനാകും. വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ, വകുപ്പിന്റെ കീഴിലുള്ള ഓഫീസുകൾ, വിലാസങ്ങൾ, ഓഫീസർമാരുടെ പേരുകൾ എന്നിവയായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
