മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമവും നാടിന്റെ വികസന പ്രവർത്തനങ്ങളും സമന്വയിപ്പിക്കുന്നതിൽ ലോക കേരള സഭ ലക്ഷ്യം കണ്ടു. പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളി സമൂഹത്തിൽ ജാതി, മത, വർഗ, രാഷ്ട്ര ഭേദമെന്യേയുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ ലോക കേരള സഭ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രളയം, കോവിഡ് തുടങ്ങി നാടിനെ പിടിച്ചുലച്ച സാഹചര്യങ്ങളിലെല്ലാം കേരളം ഇതിനു സാക്ഷ്യം വഹിച്ചതാണ്. യുക്രൈൻ യുദ്ധ സമയത്ത് അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ലോക കേരള സഭ അംഗങ്ങളുടെ ഇടപെടൽ നിർണായകമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.3 ലക്ഷം കോടി രൂപയാണ് പ്രവാസികൾ കേരളത്തിലേക്ക് അയച്ചതെന്നും സമീപന രേഖ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് മഹാമാരി കാലത്ത് 17 ലക്ഷം പ്രവാസികൾ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രണ്ടാം ലോക കേരള സഭ സമ്മേളന നിർവഹണം, പ്രവാസത്തിന്റെ മാറുന്ന ഭൂപടം, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, പ്രവാസവും നാടിന്റെ വികസനവും, മൂന്നാം ലോക കേരള സഭയിൽ ചർച്ച ചെയ്യേണ്ട വിഷയ മേഖലകൾ തുടങ്ങി പ്രധാനപ്പെട്ട അഞ്ച് ഭാഗങ്ങളാണ് സമീപന രേഖയിൽ ഉൾക്കൊള്ളുന്നത്.
