കൊട്ടാരക്കര : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ഗാന്ധി മുക്കിനു സമീപം പുതുതായി പണി കഴിപ്പിക്കുന്ന ജില്ലാ പോലീസ് ഓഫീസിനു സമീപം ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ഫല വൃക്ഷത്തൈ നടീലും,തൈ വിതരണവും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

ആയുർ ജാക്ക്, വിയറ്റ്നാം ഏർലി ഇനത്തിൽപ്പെട്ട സങ്കരയിനം പ്ലാവുകളും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കർപ്പൂര മാവ് ഉൾപ്പെടെയുള്ള മാവുകളും, റംബൂട്ടാൻ, നെല്ലി, മാതളം, ചെറുനാരകം, സീതപ്പഴം, മൂട്ടിപ്പഴം തുടങ്ങിയ ഫലവൃക്ഷതൈകളും നട്ടുപിടിപ്പിച്ചു. കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം കുളത്തൂപ്പുഴ നഴ്സറിയിൽ നിന്നും ലഭിച്ച വിവിധയിനം ഫലവൃക്ഷതൈകൾ ചടങ്ങിൽ സംബന്ധിച്ച പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്തു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പോലീസ് സംഘടനയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ യൂണിറ്റിലും സ്റ്റേഷൻ ഹൗസ് ഓഫീസർ മാരുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ് പി സി കേഡറ്റ്സ് പങ്കെടുത്തു സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. ജില്ലാ സെക്രട്ടറി സാജു ആർ എൽ, ട്രഷറർ ആർ രാജീവൻ, കൂടാതെ പോലീസ് സംഘടനാ ഭാരവാഹികളായ കെ ഉണ്ണികൃഷ്ണ പിള്ള, എസ് നജീം, എസ് വിജയൻ, വിപി ബിജു, അജിത് കുമാർ, ഗോകുൽ, കൃഷ്ണകുമാർ, പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി ഡി സുരേഷ് തുടങ്ങിയവർ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.