സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന് ഇനി eTR5 സംവിധാനം. നേരത്തേ ഉപയോഗിച്ചിരുന്ന പേപ്പർ TR5നു പകരമായാണിത്. പൊതുജനങ്ങൾക്കു സർക്കാർ ഓഫിസുകളിൽ വേഗത്തിൽ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
ജൂൺ ഒന്നു മുതൽ eTR5 സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ജൂൺ 15 വരെ താലൂക്ക് തലം വരെയുള്ള ഓഫിസുകളിലും 30 വരെ മറ്റെല്ലാ ഓഫിസുകളിലും സമാന്തര സംവിധാനമായി ആരംഭിച്ചിട്ടുള്ള eTR5 ജൂലൈ ഒന്നു മുതൽ പൂർണ തോതിൽ പ്രാബല്യത്തിലാകും. അതോടെ പേപ്പറിലുള്ള TR5 പൂർണമായി ഒഴിവാകും.
സംസ്ഥാന സർക്കാരിലേക്കുള്ള വരവുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനായി രൂപം നൽകിയ ഇ-ട്രഷറിയിൽ പുതുതായി രൂപകൽപ്പന ചെയ്ത ter5.treasury.kerala.gov.in മൊഡ്യൂൾ വഴിയാണ് eTR5 സംവിധാനം പ്രവർത്തിക്കുന്നത്. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സ്പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാർക്കു മാത്രമേ eTR5 വഴി തുക സ്വീകരിക്കാൻ കഴിയൂ. ഒരു ഓഫിസിൽ ഒടുക്കേണ്ട തുക ആ ഓഫിസിലെ ഏതൊരു ജീവനക്കാരനും ഇന്റർനെറ്റ് സേവനമുള്ള കംപ്യൂട്ടർ മുഖേനയോ മൊബൈലിലൂടെയോ സ്വീകരിക്കാം. തുക അടച്ച വിവരം ഉടൻ തുക ഒടുക്കുന്നയാളുടെ മൊബൈലിൽ ലഭിക്കുകയും ചെയ്യും. ഓഫിസിൽ സ്വീകരിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങൾ ഏതു സമയവും മേലധികാരികൾക്കു പരിശോധിക്കാനാകുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
