മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 1800-425-7771 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം.
കെ.എസ്.ടി.പി. ഓഫിസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം മുഖേനയാണു ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം. മഴക്കാലത്തു ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ജനങ്ങൾക്കൊപ്പം നിന്നു പരിഹരിക്കാനുള്ള ഫീൽഡ് തല പ്രവർത്തനമാണു ടാസ്ക് ഫോഴ്സിന്റെ ഉദ്ദേശ്യമെന്ന് ഉദ്ഘാടനം നിർവഹിച്ചു മന്ത്രി പറഞ്ഞു.
