കാർബൺ ബഹിർഗമനം കുറഞ്ഞതും മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജൻ വാഹനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. നോർവെ എംബസി, ഇന്നൊവേഷൻ നോർവെ, ദി എനർജി ആന്റ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ഇ.ആർ.ഐ) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ ഷിപ്പിംഗ് ആന്റ് ഇ-മൊബിലിറ്റി ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊച്ചി മെട്രോ അനുബന്ധ സർവ്വീസിന് ഉപയോഗിക്കാൻ 10 ഹൈഡ്രജൻ ബസുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പെന്നു മന്ത്രി പറഞ്ഞു. നോർവെ പോലുള്ള രാജ്യങ്ങൾ പുനരുപയോഗ ഊർജ്ജ മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങളും പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തണം. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറായ ടൊയോട്ട മിറായ് രജിസ്റ്റർ ചെയ്ത് ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജീനിയറിങ്ങിലെ വിദ്യാർഥികൾക്ക് പഠനത്തിനു നൽകിയ കാര്യവും മന്ത്രി പരാമർശിച്ചു. വാഹനപ്പെരുപ്പംമൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗമാണ് ഇ-മൊബിലിറ്റി, പുനരുപയോഗ ഊർജ്ജമെന്നും അദ്ദേഹം പറഞ്ഞു.
