മദ്യ കച്ചവടവുമായി ബന്ധപ്പെട്ട പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിലും മറ്റ് ചില ഓഫീസുകളിലും വൻ അഴിമതി നടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.മദ്യകച്ചവടവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പില്ലെന്നും അഴിമതിക്കാരെ തുടച്ചുനീക്കുമെന്നും മന്ത്രി വ്യക്തമാക്കി.പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡും മറ്റും നേരത്തെ മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജോയിന്റ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെയും വിജിലൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് മന്ത്രി ശിക്ഷാനടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയത്.സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചുവെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്കാരെ പൊതുസമൂഹത്തിന് മുന്നിൽക്കൊണ്ടുവരികയും അവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യും.
