സംസ്ഥാനത്തെ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലാതലത്തിൽ നിരീക്ഷണ സമിതി രൂപീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശിശുസൗഹാർദപരവും സുതാര്യവുമാക്കുന്നതിന് കർത്തവ്യവാഹകരുടെ കൂട്ടായ ഇടപെടലുകൾ അനിവാര്യമാണ്. ജില്ലാതലത്തിലുള്ള നിരീക്ഷണ സമിതി രൂപീകരിച്ചുകൊണ്ട് തുടർ നടപടികൾ സ്വീകരിക്കാൻ വനിത-ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ, അംഗം ബി.ബബിത എന്നിവരുടെ ഡിവിഷൻബെഞ്ചാണ് നിർദേശം നൽകിയത്.
ജില്ലാ കളക്ടർ ചെയർപേഴ്സണും, ബാലാവകാശ കമ്മീഷൻ മെമ്പർ ഫെസിലിറ്റേറ്ററും, ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്സൺ വൈസ് ചെയർപേഴ്സണും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നോഡൽ ഓഫീസറും ജില്ലാ നിരീക്ഷണ സമിതിയുടെ ഭാഗമാകും.
