ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ ഇന്നു മുതൽ (മേയ് 20) ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വളരെ നേരത്തെ മുതൽ നിരവധി യോഗങ്ങൾ നടത്തി പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം കൂടി മേയ് 22 മുതൽ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തു. അപ്രതീക്ഷിതമായി മഴ തുടരുന്നതിനാൽ പകർച്ചവ്യാധിക്ക് സാധ്യതയുണ്ട്. അതിനാൽ കാലവർഷം ആരംഭിക്കുന്നതിനു മുന്നേ തന്നെ ആശുപത്രികളും പരിസരവും ശുചിത്വം ഉറപ്പു വരുത്താനാണ് വാരാചരണം നടത്തുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
