ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ നവീകരിക്കാനും മെച്ചപ്പെടുത്താനും നിരവധി പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ വിവിധ വകുപ്പുകളുടെ എഴുന്നൂറോളം സേവനങ്ങൾ ഓൺലൈനാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി സംബന്ധമായ സേവനങ്ങൾ സുഗമമവും സുതാര്യവുമാക്കുന്നതിനാണ് ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവർത്തനത്തിലെ ചെറിയ മാറ്റങ്ങൾപോലും ജനങ്ങൾക്കിടയിൽ വലിയ തോതിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ വകുപ്പിനെ നവീകരിക്കുകയെന്നതു സർക്കാരിന്റെ പ്രധാന അജണ്ടയാണ്. ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കുന്ന നടപടികൾക്കു പ്രാധാന്യം നൽകണം. മതിയായ ഭൂരേഖകൾ ലഭ്യമാകാത്തതിനാൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കണം. കൈവശാവകാശ രേഖകൾ കൃത്യതയോടെയും സുതാര്യതയോടെയും ലഭ്യമാക്കണം. ഭൂമി തരംമാറ്റുന്നതു സംബന്ധിച്ച കാലതാമസം ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരമായി തരംമാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനാക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഭൂരേഖ ലഭ്യമാക്കുന്നതു സംബന്ധിച്ച് നിലവിലുള്ള പ്രശ്നങ്ങൾ ഇത്തരം ഇടപെടലുകളിലൂടെ പരിഹരിക്കാനാണു സർക്കാർ ശ്രമിക്കുന്നത്.