ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പുകൾ സമ്പൂർണ്ണ ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്നും ഇതിന്റെ ഭാഗമായി വകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാർട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഓഫീസുകൾക്കൊപ്പം ജീവനക്കാരും സ്മാർട്ടാകണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായുള്ള സോഷ്യൽമീഡിയ ലാബിന്റെയും, മിനികോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനവും പരിഷ്കരിച്ച മാന്വലിന്റെ കരട് ഏറ്റ് വാങ്ങലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കാൻ ജീവനക്കാർക്ക് കഴിയണമെന്നു മന്ത്രി പറഞ്ഞു. ഈ സർക്കാർ ചുമതലയേറ്റെടുത്ത ശേഷം 24 ലക്ഷം പരാതികളാണ് വകുപ്പിന് ലഭിച്ചത്. ഇതിൽ ബഹുഭൂരിപക്ഷം പരാതികളും പരിഹരിക്കാൻ കഴിഞ്ഞു എന്നത് വകുപ്പിന്റെ നേട്ടമാണ്. ഇതിൽ ജീവനക്കാരുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.സാധാരണക്കാർ നേരിട്ടു ബന്ധപ്പെടുന്ന വകുപ്പാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.
