തലസ്ഥാന നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനു കെഎസ്ആർടിസി അവതരിപ്പിച്ച സിറ്റി സർക്കുലർ സർവ്വീസുകൾ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസുകൾക്കു ലഭിക്കുന്ന ജനപ്രീതി മുൻനിർത്തിയാണു മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനു കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ബസുകൾ ഓടിത്തുടങ്ങിയത്.
നഗരത്തിലെ പ്രധാന പോയിന്റുകളെ ബന്ധിപ്പിച്ച് 10 റൂട്ടുകളിലാണു സർക്കുലർ ബസുകൾ സഞ്ചരിക്കുന്നത്. റൂട്ടുകൾ തിരിച്ചറിയാൻ റെഡ്, ബ്ലൂ, മജന്ത, യെല്ലോ, വയലറ്റ്, ബ്രൗൺ, ഗ്രീൻ നിറങ്ങൾ നൽകി. ഈ റൂട്ടുകളിൽ ഓരോ 15 മിനിറ്റിലും ബസ് വരും. തിരക്കുള്ള സമയമാണെങ്കിൽ 10 മിനിറ്റ് ഇടവേളയിൽ ബസ് ഉണ്ടാകും. ടിക്കറ്റ് മിനിമം 10 രൂപയും പരമാവധി 30 രൂപയും. 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാനുള്ള ഗുഡ് ഡേ ടിക്കറ്റ് ടിക്കറ്റ് സൗകര്യമുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു പ്രീ പെയ്ഡ് ഡിജിറ്റൽ കാർഡും കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്. ബസിൽ പണം നേരിട്ടു നൽകാതെ സഞ്ചരിക്കാൻ കഴിയുന്ന ഈ ട്രാവൽ കാർഡ് പരമാവധി 2000 രൂപയ്ക്കു വരെ റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാനാകും.