അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്നും അതിദാരിദ്ര്യം തുടച്ചു നീക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപടി വിജയകരമായി പിന്നിടുകയാണ്. ഭരണത്തില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന് മുന്‍പ് തന്നെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയാക്കി കഴിഞ്ഞു. വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍വ്വേക്കായി നടത്തിയത്. വിഖ്യാതമായ കേരള മോഡലിന്റെ തുടര്‍ച്ചയായാണ് സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്കുള്ള അതിജീവന പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന് തുടക്കമിട്ടത്.
