വരുന്ന അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിനു മുൻപുതന്നെ സ്കൂൾ മാന്വലിനും അക്കാദമിക മാസ്റ്റർ പ്ലാനിനും അംഗീകാരം നൽകുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിന്റെ അടിസ്ഥാനത്തിലാകും വിദ്യാലയങ്ങളുടെ അക്കാദമിക, നോൺ അക്കാദമിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ മാന്വൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവയുടെ കരട് മാർഗരേഖ അവതരണവും ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളുടെ സ്കൂൾ പ്രവേശനം മുതലുള്ള ഓരോ കാര്യങ്ങളിലും വ്യക്തമായ മാർഗനിർദേശങ്ങൾ നിലവിൽ വരുമെന്നു മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, അധ്യാപക – രക്ഷാകർതൃ സമിതി തുടങ്ങി ഓരോ വിഭാഗത്തിന്റെയും ചുമതലകളും പ്രവർത്തനരീതിയുമടങ്ങുന്നതാകും സ്കൂൾ മാന്വലും അക്കാദമിക മാസ്റ്റർ പ്ലാനും.