മതിയായ പരിശീലനവും സാമ്പത്തിക പിന്തുണയും ലഭിക്കാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിപോലും സംസ്ഥാനത്ത് കായികരംഗത്തുനിന്നു മാറ്റിനിർത്തപ്പെടരുന്നെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഥമ കേരള ഗെയിംസിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
കോവിഡ് മഹാമാരിയെത്തുടർന്നു ലോകമെമ്പാടും മുടങ്ങിക്കിടന്ന കായിക മത്സരങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണ്. കേരള ഗെയിംസ് എന്ന പേരിൽ 7500 കായിക താരങ്ങളെ ഉൾപ്പെടുത്തി 19 വേദികളിലായി കേരളം സംഘടിപ്പിച്ച കായിക മാമാങ്കം ഇക്കാര്യത്തിൽ രാജ്യത്തിനുതന്നെ മാതൃകയാണ്. കേരളത്തിന്റെ കായിക മേഖലയിലേക്കു മഹാപ്രതിഭകളെ സംഭാവന ചെയ്യാൻ കെൽപ്പുള്ളതാണ് കേരള ഗെയിംസ്. കേരളത്തിന്റെ ഭാവി കായിതകാരങ്ങളെ സംഭാവന ചെയ്യാൻ കേരള ഗെയിംസിനു കഴിയും. രാജ്യത്തിന് അഭിമാനകരമായി രാജ്യാന്തരതലത്തിൽ ശോഭിക്കുന്ന നിരവധി കായികതാരങ്ങൾ ഇതിൽനിന്ന്് ഉണ്ടാകുമെന്നാണു പ്രതീക്ഷ.
ഈ വർഷം സെപ്റ്റംബറിൽ സ്കൂൾ വിദ്യാർഥികൾക്കായി സ്കൂൾ ഗെയിംസ് സംഘടിപ്പിക്കാനുള്ള കേരള ഒളിംപിക് അസോസിയേഷന്റെ തീരുമാനം അഭിനന്ദനാർഹമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും കായികാഭിരുചിയുള്ളവരുമായ 30 വിദ്യാർഥികളെ തെരഞ്ഞെടുത്ത് സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ പരിശീലനും നൽകാനുള്ള തീരുമാനം മാതൃകാപരമാണ്. ഇക്കാര്യത്തിൽ സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടാകണമെന്നും ഗവർണർ പറഞ്ഞു.