തിരുവനന്തപുരം: ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി.യിൽ ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം .
സമരം ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു വ്യാഴാഴ്ച വൈകീട്ട് അനുരഞ്ജനചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചു. പണിമുടക്കുന്നവർക്ക് ശമ്പളം നൽകില്ല.ഐ.എൻ.ടി.യു.സി. ഉൾപ്പെട്ട ടി.ഡി.എഫ്., ബി.എം.എസ്., എ.ഐ.ടി.യു.സി. എന്നിവരാണ് സമരത്തിലുള്ളത്. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്കു ഹാജരാകുന്ന ജീവനക്കാരെയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകൾ വ്യക്തമാക്കി.
