കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫിസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വർധനവും വൈദ്യുതി വാങ്ങൽ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ പ്രവർത്തനവുമടക്കമുള്ള കാര്യങ്ങളാണു കെ.എസ്.ഇ.ബിയെ പ്രവർത്തന ലാഭത്തിലേക്കു നയിച്ചതെന്ന് സംസ്ഥാനത്തിന്റെ ഊർജ മേഖലയുടെ അവലോകനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
വൈദ്യുതോത്പാദന മേഖലയിൽ കേരളത്തിനു വലിയ സാധ്യതയാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തടസ്സ രഹിതവും ഗുണമേയുള്ളതുമായ വൈദ്യുതി മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജലവൈദ്യുത പദ്ധതികൾ പരമാവധി ഉപയോഗിക്കണം. നിലവിൽ പീക് സമയത്ത് 400 മെഗാവാട്ട് വൈദ്യുതിയാണു കേരളത്തിനു വേണ്ടത്. ഇതിൽ 200 മെഗാവാട്ട് എങ്കിലും ജലവൈദ്യുതിയിൽനിന്ന് ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ കൂടിയ വിലയ്ക്കു പുറമേനിന്നു വാങ്ങുന്നത് ഒഴിവാക്കാനാകും. കേരളത്തിൽ 3000 ടിഎംസി വെള്ളമാണ് ആകെയുള്ളത്. ഇതിൽ ഇറിഗേഷനും ഇലക്ട്രിസിറ്റിക്കുമായി 300 ടിഎംസിയാണു നിലവിൽ ഉപയോഗിക്കുന്നത്. 2000 ടിഎംസി വരെ ഉപയോഗിക്കാൻ കഴിയുമെന്നാണു പഠന റിപ്പോർട്ടുകൾ. എന്നാൽ പല കാരണങ്ങളാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല. ഉത്പാദന മേഖലയിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തയിലേക്ക് എത്തിക്കുന്നതിനുള്ള ദീർഘകാല ലക്ഷ്യം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടപ്പാക്കുന്നത്. 1500 ൽ പരം മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും.
ഈ സർക്കാർ അധികാരത്തിൽവന്നു നാളിതുവരെ 38.5 മെഗാവോട്ടിന്റെ നാല് ജല വൈദ്യുത പദ്ധതികൾ ഉൾപ്പെടെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദന ശേഷിയിൽ 156.16 മെഗാവാട്ടിന്റെ വർധന ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഈ വർഷം 124 മെഗാവോട്ടിന്റെ മൂന്നു ജല വൈദ്യുത പദ്ധതികൾ കൂടി പൂർത്തിയാക്കും. ഈ മൂന്നെണ്ണം ഉൾപ്പെടെ എട്ട് ജല വൈദ്യുത പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിനു പുറമേ 45.5 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള അഞ്ചു ജലവൈദ്യുത പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. ജല വിഭവ വകുപ്പിന്റെ സഹകരണത്തോടെ കാരപ്പാറ (19 മെഗാവോട്ട്) പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. മാങ്കുളത്ത് 40 മെഗാവാട്ട് ശേഷിയുള്ള ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ഈ വർഷം പൂർത്തിയാക്കും. കേന്ദ്ര ഗവൺമെന്റ് നിഷ്കർഷിക്കുന്ന അനുമതികൾ ലഭ്യമാക്കുന്ന മുറയ്ക്ക് ടെൻഡർ ക്ഷണിച്ചു പദ്ധതി പ്രവർത്തനങ്ങൾ അടുത്തവർഷം ആരംഭിക്കും. 200 മെഗാവാട്ടിന്റെ ശബരിഗിരി എക്സ്റ്റൻഷൻ സ്കീം പ്രാഥമിക പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിനു വർക്ക് ഓർഡർ നൽകി.
