കേരളത്തെ ഇന്ത്യയുടെ ഫുട്ബോൾ ഹബ്ബാക്കി മാറ്റുകയാണു ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്തെ അഞ്ചുലക്ഷം കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിക്കു മുന്നോടിയായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത അഞ്ചു വർഷം അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുകയാണ് ഗോൾ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ചെറിയ പ്രായത്തിൽത്തന്നെ കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകും. ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ചാകും പരിശീലനം. ഇതിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകും. നിലവിൽ കിക്കോഫ് എന്ന പേരിൽ പരിശീലന പരിപാടി കായികവകുപ്പിന് കീഴിൽ നടക്കുന്നുണ്ട്. ആ പദ്ധതിയെ ഗോൾ പദ്ധതി യിൽ ലയിപ്പിച്ച് വിപുലമാക്കും.
