പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാക്യഷ്ണൻ. വികസനത്തിന്റെ ആദ്യ പാഠം വിദ്യാഭ്യാസ സമത്വമാണെന്നും അത് ഉറപ്പാക്കാൻ സർക്കാരിനായെന്നും മന്ത്രി പറഞ്ഞു. ചേർപ്പ് ഹൈടെക് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ അഡ്മിഷന് വേണ്ടി സാധാരണക്കാരന് ക്യൂ നിൽക്കേണ്ട അവസ്ഥ ഇന്നില്ല. പകരം പാവപ്പെട്ടവന്റെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകൾ ഉന്നത നിലവാരത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു. സർക്കാർ സ്കൂളിലേയ്ക്ക് എല്ലാവരും ഒരു പോലെ വരികയാണ്. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നും മന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തോടൊപ്പം ആധുനിക സൗകര്യ നിലവാരത്തിലുമാണ് സർക്കാർ സ്കൂളുകൾ. വിദ്യാഭ്യാസ വളർച്ചയ്ക്ക് ഒപ്പം തന്നെ ദാരിദ്ര്യ നിർമാർജ്ജനത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
