കാർഷിക മേഖലയുടെ വികസനത്തിനാവശ്യമായ പരമപ്രധാനമായ കാര്യമാണ് റോഡുകളുടെ വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദേവികുളം നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായതും നിർമ്മാണം ആരംഭിക്കുന്നതുമായ റോഡുകളുടെ ഉദ്ഘാടനം കല്ലാർ ജംഗ്ഷനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബി എം & ബി സി നിലവാരത്തിലാണ് ഇപ്പോൾ റോഡുകളുടെ നിർമ്മാണം നടക്കുന്നത്. അതിലൂടെ വലിയ നിലയിലുള്ള വികസനമാണ് ഉണ്ടാകാൻ പോകുന്നത്. കാർഷിക മേഖല ഒട്ടേറെ പ്രതിസന്ധി നേരിടുന്നുണ്ട്. അതിനെ നേരിടാൻ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. നല്ല റോഡുകൾ ഉണ്ടാകുന്നതിലൂടെ കാർഷിക മേഖലക്കും ഉണർവ്വുണ്ടാകും. വിനോദ സഞ്ചാര മേഖലയുടെ വളർച്ചക്കും മെച്ചപ്പെട്ട റോഡുകൾ സഹായകരമാകും.
