മായമില്ലാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവര്ക്കും ആഗ്രഹം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ ശ്രദ്ധിക്കുന്നതും പരിശോധിക്കുന്നതും നല്ലതാണ്. അത്തരത്തില്‍ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകള്‍ സജ്ജമാക്കിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ലാബുകളാണ് 14 ജില്ലകളിലും ഉള്ളത്. ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടെന്ന് കണ്ടുപിടിക്കാനുള്ള ക്യുക്ക് അഡല്റ്ററേഷന് ടെസ്റ്റുകള്‍, മൈക്രോബയോളജി, കെമിക്കല്‍ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ മൊബൈല്‍ ലാബിലുണ്ട്. റിഫ്രാക്ടോമീറ്റര്, പിഎച്ച് & ടി.ഡി.എസ്. മീറ്റര്‍, ഇലക്ട്രോണിക് ബാലന്‍സ്, ഹോട്ട്പ്ലേറ്റ്, മൈക്രോബയോളജി ഇന്‍ക്യുബേറ്റര്‍, ഫ്യൂം ഹുഡ്, ലാമിനാര്‍ എയര്‍ ഫ്ളോ, ആട്ടോക്ലേവ്, മില്ക്കോസ്ക്രീന്, സാമ്പിളുകള്‍ സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയതാണ് മൊബൈല്‍ ലാബ്.
