നാടിന്റെ നിലനില്‍പ്പിനായി നിരവധി പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പിറവികൊണ്ടിട്ടുണ്ട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിന് വേണ്ടിയും മലകളെയും പുഴകളെയും സംരക്ഷിക്കാനും നീരൊഴുക്കുകളെ നിലനിര്‍ത്താനും മറ്റും പലപ്പോഴും നാം കൈകള്‍ കോര്‍ത്തു. എന്നാല്‍, പൊതുശുചിത്വത്തിന്റേയും പരിസര ശുചിത്വത്തിന്റേയും കാര്യത്തില്‍ വേണ്ടത്ര അവബോധം ഇവിടില്ല. നാടിന് ഭീഷണിയായി മാറുന്ന മാലിന്യത്തെ പറ്റി ചര്‍ച്ച ചെയ്തുതുടങ്ങിയിട്ട് നാളുകളേറെയായി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിയുന്ന ശീലവും മാലിന്യ കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്ന സംസ്കാരവും ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. ഈയൊരു ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ തെളിനീരൊഴുകുന്ന നവകേരളത്തിന്റെ സൃഷ്ടിക്കായി സമൂഹത്തിലെ എല്ലാ സുമനസ്സുകളുടേയും സഹകരണം തേടുന്നത്. ജലമാലിന്യ സംസ്കരണ മേഖലയില്‍ രാജ്യത്തിന് തന്നെ മാതൃകയാവുന്ന ഒരധ്യായമാണ് കേരളം രചിക്കാന്‍ പോകുന്നത്. അതിനായി നീരൊഴുക്കുകളെ മലിനമാക്കുന്ന മാലിന്യ സ്രോതസ്സുകള്‍ കണ്ടെത്തുവാനായി ജലാശയങ്ങളുടെ തീരങ്ങളിലൂടെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജലനടത്തം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അവരുടെ വാര്‍ഡുകളിലെ നീരൊഴുക്കുകള്‍ ജലനടത്തത്തിലൂടെ പരിശോധനയ്ക്ക് വിധേയമാക്കും. ഇന്നുമുതല്‍ ആറ് ദിവസം കൊണ്ട് ജലനടത്തം പൂര്‍ത്തിയാക്കും. ഇങ്ങനെ കണ്ടെത്തുന്ന മാലിന്യ പ്രശ്നങ്ങള്‍ വാര്‍ഡ് തലത്തില്‍ വിളിച്ചുചേര്‍ക്കുന്ന പ്രത്യേക ജനകീയ ജലസഭയില്‍ ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ കാണും. ജലാശയങ്ങളുടെ ഗുണനിലവാര പരിശോധനയും ഇതിനൊപ്പം നടത്തും. തുടര്‍ന്ന് മെയ് രണ്ടാം വാരത്തില്‍ ജനകീയ ജലാശയ ശുചീകരണത്തിനായി ആ നാട് മുന്നോട്ടുവരും. തെളിനീരൊഴുകും നവകേരളം എന്ന മുദ്രാവാക്യവുമായി സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞം നടപ്പിലാക്കുന്നത്, സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക, സ്ഥാപന, പൊതുതലങ്ങളില്‍ കക്കൂസ് മാലിന്യ സംസ്കരണത്തിനും മലിനജല സംസ്കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ തീര്‍ച്ചയായും കേരളം സമ്പൂര്‍ണ്ണ ജലശുചിത്വ സംസ്ഥാനമായി മാറും.
