കോട്ടയം: ജില്ലയിൽ അക്കാദമിക് സിറ്റിയും ചെന്നൈ ഐ.ഐ.ടി മാതൃകയിൽ സയൻസ് പാർക്കും സ്ഥാപിക്കുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കണമെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എൻ്റെ കേരളം മേളയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസവും കോട്ടയം ജില്ലയുടെ സാധ്യതകളും എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട റബ്ബർ, ടൂറിസം തുടങ്ങിയ മേഖലകളുടെ പൂർണ വികസനത്തിന് വഴിയൊരുക്കുന്നതാകും ഇത്തരം അക്കാദമിക് സംരംഭങ്ങൾ. കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി വളർത്തിയെടുക്കാനും മാനവീക, ശാസ്ത്ര, സാങ്കേതിക മേഖലകളുടെ ഉന്നമനത്തിനും
സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾ പ്രശംസാർഹമാണ്. വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ കണ്ടറിഞ്ഞ് സർക്കാർ സ്വീകരിച്ചു വരുന്ന പരിഷ്ക്കാര നടപടികൾ ഉദ്ദേശിച്ച ഫലം കൊണ്ടുവരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.