മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഏപ്രില്‍ 14നാണ് മിയയ്ക്ക് പൊള്ളലേറ്റത്. കറന്റ് പോയപ്പോള്‍ പഠനത്തിനായി മെഴുകുതിരി കത്തിക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ് ജീവനക്കാരിയായ മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നതിനാല്‍ വീട്ടില്‍ മിയ ഒറ്റയ്ക്കായിരുന്നു. മിയയുടെ കരച്ചില് കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
