കെ റെയില്‍ വിരുദ്ധ ജനകീയ പ്രതിരോധ സമിതി നാളെ നടത്തുന്ന ബദല്‍ സംവാദത്തില്‍ കെ റെയില്‍ പങ്കെടുക്കില്ല. കെ റെയില്‍ എം.ഡിയേയോ മറ്റേതെങ്കിലും പ്രതിനിധിയേയോ ആണ് സംഘാടകര്‍ ക്ഷണിച്ചിരുന്നത്. കെ റെയില്‍ എം.ഡി ബദല്‍ സംവാദത്തില്‍ പങ്കെടുക്കുമോ എന്നുള്ളതായിരുന്നു ഏവരുടേയും ആകാംക്ഷ. എന്നാല്‍, സംവാദത്തിന് കെ റെയില്‍ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന വാര്‍ത്താക്കുറിപ്പാണ് അധികൃതര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍, കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുമെന്നും കെ റെയില്‍ അറിയിച്ചു. ഏപ്രില്‍ 28 ന് കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നെന്നും ഇനി ബദല്‍ ചര്‍ച്ചകളല്ല തുടര്‍ ചര്‍ച്ചകളാണ് വേണ്ടതെന്നുമാണ് കെ റെയില്‍ നല്കുന്ന വിശദീകരണം. അലോക് വര്‍മ്മ ഉള്‍പ്പെടെ ഏപ്രില്‍ 28 ലെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ തന്നെയാണ് ബദല്‍ ചര്‍ച്ചയിലും പങ്കെടുക്കുന്നതെന്ന് കെ റെയില്‍ ചൂണ്ടിക്കാട്ടുന്നു. സംവാദം നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചര്‍ച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്. ഏപ്രില്‍ 28 ലെ സംവാദത്തിന്റെ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും കെ റെയില്‍ വ്യക്തമാക്കുന്നു. അതിലേക്ക് എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായും കെ റെയില്‍ അറിയിച്ചു.
