യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്ഥാന സർക്കാരും നോർക്കയും ഒപ്പമുണ്ടെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികളുമായി തിരുവനന്തപുരത്ത് നോർക്ക സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മറ്റു സർവകലാശാലകളിൽ തുടർ പഠനത്തിന് അവസരം ഒരുക്കുന്നതിനുള്ള ശക്തമായ ഇടപെടൽ കേരളം നടത്തുന്നുണ്ട്. ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇതിൽ അന്തിമ തീരുമാനം എടുക്കാനാവൂ. ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകാൻ സമ്മർദ്ദം തുടരും. വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങളെ പോസിറ്റീവായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
