സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള തുടർപരിശീലന പരിപാടികൾ ഇനിമുതൽ ഇ പ്ലാറ്റ്ഫോമിലൂടെയും നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ആദ്യമായാണ് സമഗ്രമായി ഈ പ്ലാറ്റ്ഫോമിലൂടെ തുടർപരിശീലന പരിപാടി ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാക്കുന്നത്. ഇതിനായി ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം (എൽഎംഎസ്) സജ്ജമാക്കിയിട്ടുണ്ട്. 35 കോഴ്സുകൾ ഇതിൽ ലഭ്യമാണ്. ഇതിലൂടെ സംസ്ഥാനത്തുടനീളമുളള ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകർക്കും അതത് സ്ഥലങ്ങളിൽ ഇരുന്നുതന്നെ നിർബന്ധിത പരിശീലനങ്ങൾ പൂർത്തിയാക്കാം. പ്രാക്ടിക്കൽ പരിശീലനങ്ങൾ ആവശ്യമുള്ളവയ്ക്ക് മാത്രം നേരിട്ട് എത്തിയാൽ മതിയാകുമെന്ന് മന്ത്രി വ്യക്തമാക്കി. നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഓഫീസിന്റെ നവീകരിച്ച കെട്ടിടം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം, മിനി കോൺഫറൻസ് ഹാൾ, ട്രെയിനിംഗ് കൺസോൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
