സമൂഹത്തിലെ എല്ലാ തലങ്ങളിലും ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും മറ്റു പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.ഇത്തരക്കാരെ ചേർത്ത് പിടിച്ചു സവിശേഷ ശ്രദ്ധയാണ് സാമൂഹ്യ നീതി വകുപ്പ് നൽകി വരുന്നതെന്നും മന്ത്രി ഡോ.ആർ. ബിന്ദു വ്യക്തമാക്കി.സാമൂഹ്യനീതി വകുപ്പിന്റെ അടുത്ത 5 വർഷത്തെ പദ്ധതി രൂപരേഖ തയ്യാറാക്കുന്നത്തിന് തിരുവനന്തപുരം ഐഎംജിയിൽ സംഘടിപ്പിക്കുന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഭിന്നശേഷി വിഭാഗക്കാർക്കായി ഒട്ടേറെ പദ്ധതികളാണ് വകുപ്പ് നടപ്പാക്കി വരുന്നത്. ഭിന്നശേഷി പുനരധിവാസ മേഖലയിൽ വകുപ്പിന് കീഴിലെ നിഷും നിപ്മറും പോലുള്ള സ്ഥാപനങ്ങൾ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.ഭിന്നശേഷി മേഖലയിൽ ഏറ്റവും ഉദാത്തമായ മാതൃകയെന്ന നിലയിൽ കേരള സംസ്ഥാനത്തെ മാറ്റുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.
