ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മത്സ്യ വില്‍പ്പന ശാലകള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത പരിശോധന. തൊടുപുഴ, ചെറുതോണി, കുമളി, അണക്കര എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 20, 21 തീയതികളില്‍ നടത്തിയ പരിശോധനയില്‍ 42 കിലോ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത കേര, നത്തോലി, വിളമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.ഫോര്‍മാലിന്‍, അമോണിയ ടെസ്റ്റ്കിറ്റ് ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തിയത്. സംശയാസ്പദമായി തോന്നിയ 9 മത്സ്യസാമ്പിളുകള്‍ കാക്കനാട് റീജ്യണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ലാബില്‍ അയച്ച 15 ഓളം മത്സ്യ സാമ്പിളുകളുടെ റിസള്‍ട്ട് വന്നതില്‍ ഒന്നിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. മത്സ്യവില്‍പ്പന നടത്തുന്ന വ്യാപാരികള്‍ മീനില്‍ 1 :1 എന്ന അനുപാതത്തില്‍ ഐസ് ഇടേണ്ടതാണ്. ശരിയായ രീതിയില്‍ ഐസ് ഇടാത്തതും മീന്‍ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു. തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഷംസിയാ എം.എന്‍, പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പ്രശാന്ത് എസ്. എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
