സംസ്ഥാനത്ത് രണ്ട് വർഷത്തിനകം ലാബ് നെറ്റ്വർക്ക് ശൃംഖല നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആധുനിക പരിശോധനാ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതലുണ്ടാകും. ലാബുകൾക്ക് ഹബ് ആന്റ് സ്പോക്ക് മോഡൽ നടപ്പിലാക്കും. പകർച്ച വ്യധികളെയും പകർച്ചേതര വ്യാധികളേയും ഫലപ്രദമായി തടയാനുള്ള സംവിധാനമാണിത്. 2025 ഓടെ വിവിധതരം രോഗങ്ങളെ നിർമാർജനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണ് ആരോഗ്യ വകുപ്പ്. ഈ സംവിധാനം എല്ലാവർക്കും പ്രാപ്യമായ രീതിയിൽ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ യൂണിറ്റിന്റേയും ഡി.ഇ.ഐ.സി. സെൻസറി ഇന്റഗ്രേഷൻ റൂമിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
