കൊട്ടാരക്കര : ലോവർ കരിക്കകത്ത് വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ കൊട്ടാരക്കര അവണൂർ ശ്രീകൃഷ്ണ മന്ദിരത്തിൽ കണ്ണൻ എന്നു വിളിക്കുന്ന അരുൺ അജിത്ത് (25) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു . ഈ കേസിൽ ഏഴ് പ്രതികളെ നേരത്തെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ സൂത്രധാരൻ ഇയാളാന്നെന്നു കൊട്ടാരക്കര പോലീസ് കണ്ടെത്തിയത്. ഒളിവിലായിരുന്ന ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ ആലുവയിൽ തോക്കു ചൂണ്ടി ഡ്രൈവറെയും വാഹനവും തട്ടി കൊണ്ട് പോയ കേസിൽ ആലുവ പോലീസിന്റെ പിടിയിൽ ആയതിനെ തുടർന്ന് കോടതിയിൽ റിപ്പോർട്ട് നൽകി ഇയാളെ അറസ്റ് ചെയ്തു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചക്കുവരയ്ക്കൽ പ്രണവത്തിൽ ഗോകുലിനെയാണ് (27) കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. കൊട്ടാരക്കരയിൽ നിന്നും ഗോകുൽ മോട്ടോർസൈക്കിളിൽ വാളകം ഭാഗത്തേക്ക് പോകവെ ലോവർ കരിക്കത്തു വച്ച് ബൈക്കുകളിലും ഓട്ടോറിക്ഷകളിലും എത്തിയ പ്രതികൾ കുരുമുളക് സ്പ്രൈ അടിച്ചശേഷം കത്തികൊണ്ട് മുതുകിലും കാൽ തുടയിലും കുത്തിയും ഇരുമ്പുവടികൊണ്ട് തലയിലും ശരീരമാസകലം അടിച്ചും പരുക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഞ്ചാവ് കച്ചവടം നടത്തിയത് വിലക്കിയതുമായി ബന്ധപ്പെട്ടു പരിക്കുപറ്റിയ ഗോകുലും പ്രതികളുമായി സംഭവത്തിന് രണ്ടു ദിവസം മുൻപ് വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടുള്ള ഗൂഡാലോചനയിലാണ് ഗോകുലിനെ വധിക്കാൻ ശ്രമിച്ചത്. ഒന്നാം പ്രതിയായ അരുൺ അജിത്ത് ആണ് മറ്റുള്ള പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതും, കൃത്യത്തിനു ഉപയോഗിച്ച വാഹനങ്ങൾ നൽകിയതും പിന്നീട് അവൾ ഒളിപ്പിച്ചതും. കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ ഇതിനു മുൻപും ഇയാൾക്കെതിരെ കഞ്ചാവ് കടത്ത്, അടിപിടി കേസുകൾ നിലനില്പുണ്ട്. പ്രതിക്ക് കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുളളതായി പോലീസ് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.
