സുരക്ഷിതമായ സംവിധാനങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ രാജ്യത്തെമ്പാടും സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോവളത്ത് പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻമാരുടെ ദേശീയ കോൺഫറൻസിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുരക്ഷിത സംവിധാനങ്ങളുടെ ലഭ്യതക്കുറവ് സംസ്ഥാനങ്ങളിൽ ഓൺലൈൻ പരീക്ഷകൾ വ്യാപകമാക്കുന്നതിനു തടസമുണ്ടാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കുന്നതിനു രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കുന്നകാര്യം ആലോചിക്കണം. യു.പി.എസ്.സിക്കും പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾക്കുമൊപ്പം സംസ്ഥാനങ്ങൾക്കും ഇവ പ്രയോജനപ്പെടും. റിക്രൂട്ട്മെന്റ് അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളിലും പി.എസ്.സികൾ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.