കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടിൽ സംരംഭമേഖലയിൽ കുടുതൽ സജീവമാവുന്നതായി നോർക്ക റൂട്ട്സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ആവിഷ്കരിച്ച സംരംഭക സഹായ പദ്ധതികളിൽ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്.വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വർഷത്തിൽ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികൾ പ്രവാസികൾ പൂർണമായി ഏറ്റെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസി ഭദ്രത-പേൾ, പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ പദ്ധതികളിലൂടെ 5010 സംരംഭവായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തത്. നിലവിലുണ്ടായിരുന്ന എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയിൽ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.
