വിലക്കയറ്റത്തിന്റെ കാലത്ത് പൊതുവിപണിയിൽ സജീവ ഇടപെടൽ നടത്തി ജനങ്ങൾക്കു കഴിയാവുന്നത്ര ആശ്വാസമെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖേന സംസ്ഥാനത്തു വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾ 2016ലെ വിലയ്ക്കാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി ഉയർന്നതുകൊണ്ടല്ല, മറിച്ച് വിലക്കയറ്റത്തിൽ നാടിന്റെ പ്രയാസം കഴിയാവുന്നത്ര ലഘൂകരിക്കണമെന്ന ചിന്തയുടെ ഭാഗമായാണ് ഈ സമീപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.