ഇടുക്കിയിലെ മഞ്ചുമല എയര്‍സ്ട്രിപ്പില്‍ എന്‍.സി.സിയുടെ പരിശീലന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി. കൊച്ചിയില്‍ നിന്നും പുറപ്പെട്ട വൈറസ് എസ്. ഡബ്ല്യൂ എന്ന വിമാനം 10.34ഓട് കൂടി എയര്‍സ്ട്രിപ്പ് നു മുകളില്‍ വട്ടമിട്ടു പറന്നു. 5 തവണ താഴ്ന്നു പറന്നിട്ടും ഇറക്കാന്‍ സാധിക്കാത്തതിനാലും സാഹചര്യം അനുകൂലമല്ലാത്തതിനാലും സുരക്ഷ കാരണങ്ങളാലും വിമാനം ഇറക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിനു സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താല്‍ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാന്‍ സാധിക്കുകയുള്ളൂയെന്ന് എന്‍സിസി ഡയറക്ടര്‍ കേണല്‍ എസ് ഫ്രാന്‍സിസ് അറിയിച്ചു. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന എന്‍സിസിയുടെ ഏറ്റവും പുതിയ മോഡല്‍ ചെറുവിമാനം ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ന്യുഡല്‍ഹിയില്‍ നിന്നും എയര്‍ഫോഴ്സിന്റെ ടെക്നിക്കല്‍ ട്രെയല്‍ ലാന്‍ഡിംഗ് കം എയര്‍ ഓഡിറ്റ് ടീമാണ് പരീക്ഷണ പറക്കലിന് നേതൃത്വം നല്‍കിയത്. 15 ദിവസത്തിനുശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി പരിശീലന വിമാനത്തിന്റെ ലാന്‍ഡിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് വാഴൂര്‍ സോമന് എംഎല്‍എ പറഞ്ഞു. തടസ്സങ്ങളെല്ലാം സമയബന്ധിതമായി തീര്‍പ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.