സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ റോഡ് വികസന പദ്ധതികളിലൊന്നാണു മലയോര ഹൈവേ. കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1215 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന മലയോര ഹൈവേ പദ്ധതിക്ക് 3500 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. നന്ദാരപ്പടവ്-ചേവാർ, ചെറുപുഴ-വള്ളിത്തോട്, പുനലൂർ കെഎസ്ആർടിസി-ചല്ലി മുക്ക് തുടങ്ങി വിവധ പ്രദേശങ്ങളിൽ 93.69 കിലോമീറ്റർ മലയോര ഹൈവേ ഇതിനോടകം യാഥാർഥ്യമായിക്കഴിഞ്ഞു. പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറായി. അതിൽ 652.64 കിലോമീറ്റർ പ്രവർത്തിക്ക് 2175.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
