അക്രമികളില്‍ നിന്ന് രക്ഷപ്പെടാനുള്ള നുറുങ്ങു മാര്‍ഗ്ഗങ്ങള്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യമായി പകര്ന്നുനല്കുന്ന പോലീസിന്റെ സ്റ്റാള്‍ കണ്ണൂരിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പ്രദര്‍ശനത്തില്‍ പ്രധാന ആകര്‍ഷണമാകുന്നു.ആയുധം ഉപയോഗിക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമിയെ പിന്തിരിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരായ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ക്ലാസുകള്‍ നല്‍കുന്നത്. നിരത്തുകളിലും വാഹനങ്ങളിലും സഞ്ചരിക്കുന്ന സ്ത്രീകള്‍ നേരിടാന്‍ ഇടയുള്ള അതിക്രമങ്ങള്‍, ശാരീരികാക്രമണത്തിനു മുതിരുന്നവരെ കീഴ്പ്പെടുത്തുന്ന വിധം എന്നിവ കാണികള്‍ക്കു ഏറെ ഗുണകരമാണ് . മാലയും ബാഗും പിടിച്ചു പറിച്ചോടുന്നവരെ കീഴ്പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാന്‍ അനുവദിക്കാതെ തളക്കുന്നതും ഇവിടെ കാണാം.കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളില്‍ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
