സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പു വരുത്തണം. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, തിരുവനന്തപുരം നഗരാസൂത്രണ ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ അംഗങ്ങളായ കെ.നസീറും ബി.ബബിതയും നിർദ്ദേശം നൽകി.
