കാലത്തിനൊത്ത വികസന പദ്ധതികൾ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടിൽ ഭൂരിഭാഗമെന്നും പദ്ധതികളെ എതിർക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനായി ആഗ്രഹിക്കുന്നവർ ബഹളംവച്ചും ശബ്ദകോലാഹലങ്ങളോടെയും വരുന്നില്ലായിരിക്കും. എന്നാൽ, നാടിന്റെ ഭാവിക്കായി വികസന പദ്ധതികൾ യാഥാർഥ്യമാകണമെന്നാണ് അവരുടെ ആഗ്രഹം. ഈ നിലപാടുതന്നെയാണു സർക്കാരിന്റേതും – മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ച 51 റോഡുകൾ നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.പശ്ചാത്തല വികസനത്തിൽ കാലത്തിനൊത്ത മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നു ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്യണം. റോഡ്, ജലഗതാഗത, വ്യോമയാന, റെയിൽ സംവിധാനങ്ങൾ കാലാനുസൃതമായി നവീകരിക്കപ്പെടണം. സംസ്ഥാനത്ത് ട്രെയിൻ യാത്രയ്ക്കു മുൻപുണ്ടായിരുന്നതിൽനിന്ന് ഇപ്പോൾ ഒട്ടും വേഗത കൂടിയിട്ടില്ല. കാസർകോഡുനിന്നു തിരുവനന്തപുരത്തെത്താൻ 12 – 13 മണിക്കൂർ ഇന്നും വേണം. വിലയേറിയ സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. അതിവേഗത്തിലോടുന്ന രാജധാനി എക്സ്പ്രസിനു പോലും കേരളത്തിൽ സാധാരണ ട്രെയിനിന്റെ വേഗം മാത്രമേയുള്ളൂ. നിലവിൽ ഇവിടെയുള്ള റെയിൽവേ ലൈൻ വച്ചു വേഗത കൂട്ടാനാകില്ല. അടുത്തൊന്നും നടക്കുന്ന കാര്യവുമല്ല അത്. അതുകൊണ്ടാണു പുതിയ ലൈനിനെക്കുറിച്ച് ആലോചിക്കുന്നത്. കെ-റെയിൽ കാര്യത്തിൽ അനുമതി നൽകേണ്ടതു കേന്ദ്രമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടു. അനുകൂല പ്രതികരണമാണു പ്രധാനമന്ത്രിയിൽനിന്നുണ്ടായത്. നാടിന് ഇത്തരം പദ്ധതികൾ ആവശ്യമാണെന്നതിനാൽ എല്ലാ രീതിയിലും അനുകൂലമായ പ്രതികരണമാണ് അദ്ദേഹത്തിൽനിന്നുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
