26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിച്ചു. കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളുടെ ഉയർച്ച താഴ്ചകളും മനുഷ്യ മനസിന്റെ സന്തോഷവും സന്താപവുമെല്ലാം പ്രമേയമാക്കിയിട്ടുള്ള വിവിധ ചലച്ചിത്രങ്ങളാകും വരുന്ന ഒരാഴ്ചത്തെ മേളയിൽ തെളിയുകയെന്നു പ്രതീക്ഷിക്കാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 25 വരെയാണു മേള.
ഐഎസ് ഭീകരാക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാനെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. ലിസ ചലാന്റെ ജീവിതവും സർഗസൃഷ്ടികളും അതിജീവനത്തിന്റെ ഉദാഹരണവും ചെറുത്തുനിൽപ്പുകളെ ആയുധംകൊണ്ടു നിശബ്ദമാക്കാൻ കഴിയില്ല എന്ന സന്ദേശവുമാണു നൽകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കും ലിംഗസമത്വം ഉറപ്പാക്കാൻ നടത്തുന്ന ഇടപെടലുകൾക്കും ഊർജം പകരുന്നതാണ് ഈ അംഗീകാരം.