ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക ക്യാമ്പയിൻ തിരുവനന്തപുരത്തു തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗാർഹിക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇതിനൊപ്പം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളെ ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരും. തൊഴിലാളി തൊഴിലുടമ ബന്ധം കരാറിന്റെ പരിധിയിലാക്കുന്നതിനുള്ള നടപടിയും സർക്കാർ ഉടൻ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.
