സംസ്ഥാനത്ത് ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ സംസ്ഥാന ഗൈഡൻസ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതികൾ ചർച്ച ചെയ്തു. കൃഷിയിലൂടെ ഉൽപാദിപ്പിച്ച മത്സ്യത്തിന് ന്യായവില ലഭ്യമാക്കുന്നതിന് കഴിയുമാറ് മാർക്കറ്റിംഗ് സ്ട്രാറ്റജി തയ്യാറാക്കുവാൻ യോഗം തീരുമാനിച്ചു. മത്സ്യകൃഷിക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് പ്രത്യേക ഫണ്ട് വകയിരുത്തുന്നതിനും 2022 – 23 സാമ്പത്തിക വർഷം മുതൽ നടപ്പാക്കുന്നതിനും തീരുമാനിച്ചു. കല്ലുമ്മേക്കായ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കല്ലുമ്മേക്കായ വിത്ത് ശേഖരണത്തിനായി 2018-ൽ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനും നടപടി എടുക്കും. മത്സ്യകർഷകരുടെ കൂടി പങ്കാളിത്തത്തോടെ മത്സ്യവിത്ത് ഉത്പാദനത്തിന് നടപടിയെടുക്കും. കർഷകർക്ക് സബ്സിഡിയും മറ്റ് സഹായങ്ങളും യഥാസമയം അനുവദിക്കുന്നതിന് നടപടി എടുക്കും.
