കൊട്ടാരക്കര: മോഷണം പോയ മാലയ്ക്ക് പകരം സുഭദ്രയ്ക്ക് സ്വർണവളകൾ സമ്മാനിച്ച സ്ത്രീയെ കണ്ടെത്തി ആദരിക്കാൻ ഒരുങ്ങുകയാണ് നാട്. വളകൾ സമ്മാനിച്ചുവെന്ന് പറയുന്ന ആ സ്ത്രീയുടെ ദൃശ്യങ്ങൾ പട്ടാഴി ക്ഷേത്രത്തിലെ ഭാരവാഹികൾ പുറത്തുവിട്ടു. മാല മോഷണം പോയ സംഭവത്തിൽ കുന്നിക്കോട് പൊലീസും അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം.
ഉത്സവദിവസം പട്ടാഴി ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ മങ്ങാട്ട് വീട്ടിൽ സുഭദ്ര(67)യുടെ രണ്ട് പവനോളം വരുന്ന സ്വർണമാലയാണ് മോഷണം പോയത്. ക്ഷേത്ര പരിസരത്തു കരഞ്ഞു നിലവിളിച്ച സുഭദ്രയ്ക്ക് ഇത് കണ്ടു നിന്ന സ്ത്രീ തന്റെ രണ്ടു പവൻ തൂക്കമുള്ള സ്വർണവളകൾ നൽകുകയായിരുന്നു.