കുണ്ടറ : പോലീസ് സ്റ്റേഷൻ എ.എസ്.ഐ. സതീശൻ സി.പി.ഒ. റിജു എന്നിവരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ പേരയം പടപ്പക്കര ചേരിയിൽ പ്രതിഭാ ഭവനിൽ സെബാസ്റ്റ്യൻ മകൻ വിപ്പി എന്ന് വിളിക്കുന്ന ചാൾസ് (48) മൂന്നാം പ്രതിയായ ചാൾസിന്റെ മകൻ അബിൻ ചാൾസ് (23) എന്നിവരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി മാസം ഒമ്പതാം തീയതി ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുണ്ടറ പോലീസ് സ്റ്റേഷനിലെ വധശ്രമ കേസിലെ പ്രതിയായ അബിൻ ചാൾസിനെ പടപ്പക്കരയിലുള്ള അബിന്റെ വീടിന് മുന്നിൽ നിന്നും കുണ്ടറ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ സതീശനും റിജുവും ചേർന്ന് അറസ്റ്റ് ചെയ്ത സമയം അബിന്റെ അച്ഛനായ ചാർളിയും അമ്മയായ പ്രതിഭയും പ്രതിയോടൊപ്പം ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും പ്രതി രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ കുണ്ടറ പോലീസ് ചാൾസിനും പ്രതിഭയ്ക്കും അബിനും എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയി. തുടർന്ന് കേസ്സിലെ രണ്ടാം പ്രതി പ്രതിഭയ്ക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഒന്നും മൂന്നും പ്രതികളായ ചാൾസും അബിനും കേരളത്തിലെ മറ്റ് ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും ആയി ഒളിവിൽ കഴിഞ്ഞ് വരവേ കൊല്ലത്തിനു സമീപം കാവനാട് നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുണ്ടറ പോലീസ് സബ് ഇൻസ്പെക്ടർ ബാബു കുറുപ്പ്, എ.എസ്.ഐ. സതീഷ്, സി.പി.ഒ. റിജു, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
